
വീട്ടിൽ ഭൂഗർഭ അറകൾ നിർമ്മിച്ച് ചാരായം സൂക്ഷിച്ചിരുന്നയാൾ അറസ്റ്റിൽ.മമ്പാട് മേപ്പാടം പള്ളിക്കുന്നിലെ പഴംപാലക്കോട് വീട്ടിൽ രാജു (45) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിലെ രഹസ്യ ഭൂഗർഭ അറകളിൽ നിന്നും 60 ലിറ്റർ വാഷും 1.75 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കാളികാവ് എക്സൈസാണ് ഇയാളെ പിടികൂടിയത്.
ഇരുപത് വർഷത്തിലേറെയായി കെട്ടിടനിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് രാദു. കഴിഞ്ഞ വർഷം ഇയാളും ഭാര്യയും ചേർന്നാണ് വീട് നിർമ്മിച്ചത്. വീടിന്റെ നിർമ്മാണത്തിന് മറ്റാരെയും ഇയാൾ ഉപയോഗിച്ചില്ല. അതുകൊണ്ട് തന്നെ ആർക്കും ഇയാൾ വീടിനോട് ചേർന്ന് രഹസ്യ അറകൾ നിർമ്മിച്ച വിവരം അറിയുമായിരുന്നില്ല. വീടിനോട് ചേർന്ന് ഭൂമിക്കടിയിൽ നിർമ്മിച്ചിരുന്ന മൂന്ന് അറകളിൽ രണ്ടു ബാരലുകളിലായാണ് ഇയാൾ ചാരായം സൂക്ഷിച്ചിരുന്നത്.
ചില്ലറ ചാരായവില്പനയുമായി ബന്ധപ്പെട്ട് നേരത്തെ ഇയാൾക്കെതിരേ നാല് കേസുകളുണ്ട്. സംശയങ്ങളെത്തുടർന്ന് പലതവണ ഈ വീട് പരിശോധിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുൻപ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരുന്നതിനിടെയാണ് വീണ്ടും രാജുവിലേക്ക് അന്വേഷണമെത്തിയത്. കഴിഞ്ഞദിവസം രാത്രി 8.30-ഓടെ കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് പരിശോധിച്ചു. ഷെഡ്ഡിനടുത്ത് കൂട്ടിയിട്ട പാഴ്വസ്തുക്കളിൽ സംശയംതോന്നി കൂടുതൽ പരിശോധിക്കുകയായിരുന്നു.
അറകൾക്കുമീതെ സ്ലാബുകൾ മൂടി മെറ്റൽ നിറച്ച ചാക്കുകളും വെട്ടുകല്ലുകളും പാഴ്വസ്തുക്കളും നിറച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുക്കളയിൽനിന്ന് ടൈൽ എടുത്തുമാറ്റിയാൽ അറയിലേക്ക് പ്രവേശിക്കാനാകും. അറകളിൽ 500 ലിറ്ററോളം വാഷ് ബാരലുകളിലായി സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ശിവപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.എസ്. അരുൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷരീഫ്, കെ.വി. വിപിൻ, കെ. അമിത്, മുഹമ്മദ് ഹബീബ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. രജനി തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വംനൽകി.











